വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കുമ്പളത്താമണ്ണില്‍ കാട്ടാന കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ രാത്രിയില്‍ വടശ്ശേരിക്കരയില്‍ ജനവാസമേഖലയിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. മാസങ്ങളായി ഒളികല്ല്, കുമ്പളത്താമണ്‍, അമ്പലംപടി, ചെറുകാവ് തുടങ്ങി പല പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. വനപാലകര്‍ എത്തി കാട്ടാനക്കൂട്ടത്തെ ഓടിച്ച് വിടാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വനത്തിലേക്ക് കയറുന്ന ആനകള്‍ നിമിഷങ്ങള്‍ക്കകം തിരികെയെത്തും.
മുന്‍പ് കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് നേരെയും ആക്രമണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വടശ്ശേരിക്കര – മുക്കുഴി റോഡില്‍ കാട്ടാന കാര്‍ കുത്തിമറിക്കുകയും യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വടശ്ശേരിക്കര ജംഗ്ഷന് തൊട്ടടുത്തായാണ് ആനകള്‍ എത്തുന്നത്. വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാത്തതും കാട്ടാന ശല്യം പതിന്മടങ്ങ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.






























