തൃശ്ശൂര്‍: കുറ്റ കൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ അന്തിക്കാട് പോലീസ് സ്റ്റേഷന് കീഴിലെ അഞ്ച് പഞ്ചായത്തുകള്‍ ക്യാമറ നിരീക്ഷണത്തിലേക്ക്. അരിമ്പൂര്‍, മണലൂര്‍, അന്തിക്കാട്, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ 200 ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ 54 ക്യാമറകള്‍ സ്ഥാപിച്ചു. പോലീസും തൃശൂര്‍ ജനമൈത്രി ഫൗണ്ടേഷനും പൗരസമിതിയും ചേര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ ലഭ്യമാകും.
സ്റ്റേഷന്‍ പരിധിയിലെ ക്രമസമാധന പ്രശ്നം കൂടുതലുള്ള പല മേഖലകളിലും ക്യാമറ സ്ഥാപിക്കുന്നത് ഗുണം ചെയ്യും. പദ്ധതിയുടെ ഭാഗമായി കിഴുപ്പിള്ളിക്കര ഗ്രാമത്തില്‍ മാത്രം പ്രവാസി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്ററിന്റെ സഹകരണത്തോടെ ഇതിനോടകം 30 ക്യാമറകള്‍ സ്ഥാപിച്ചു. പൊതു ജനങ്ങളുടെയും സംഘടനകളുടെയും ഭാഗത്തു നിന്നുള്ള സഹകരണത്തോടെ കേരളത്തിലെ ആദ്യ സി.സി.ടി.വി കവറേജ് ഉള്ള പോലീസ് സ്റ്റേഷനായി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.