തൊടുപുഴ: പ്രസവം നിര്‍ത്തിയ യുവതി വീണ്ടും ഗർഭിണിയായ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നേരത്തെ നഷ്ടപരിഹാരമായി സർക്കാർ നൽകിയ മുപ്പതിനായിരം രൂപക്ക് പുറമേയാണ് ഒരു ലക്ഷം രൂപ നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. പള്ളിവാസൽ സ്വദേശിനിക്ക് തുക നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനകം നൽകണം. അടിമാലി താലൂക്ക് ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്.
യുവതിക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. തുടര്‍ന്ന്‍ 2012 ലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015 ൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഗർഭിണിയാണെന്ന് മനസിലാക്കി. യുവതിയുടെ ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ നോട്ടീസ് അയച്ചപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസർ 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. മനുഷ്യാവകാശ കമ്മീഷൻ തൊടുപുഴയിൽ നടത്തിയ സിറ്റിംഗിൽ പരാതിക്കാരി 30,000 രൂപ തീർത്തും അപര്യാപ്തമാണെന്ന് അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തന്റെ കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്ന് പറഞ്ഞു. നൽകിയ തുക അപര്യാപ്തമാണെന്ന് കമ്മീഷൻ വിലയിരുത്തി. കൂടുതൽ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കിൽ പരാതിക്കാരിക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.