ചെങ്ങന്നൂർ : നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപവും പാപവുമാണ് മദ്യമെന്ന് പറഞ്ഞ രാഷ്ട്രപിതാവ് ഒരു വർഗീയ വാദിയുടെ വെടിയേറ്റ് മരണപ്പെട്ടതിന്റെ ഓർമ്മയാണ് ജനുവരി 30 നമുക്കു നൽകുന്നതെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കൺവീനർ റെവ.ഡോ.ടി.ടി സക്കറിയ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “മദ്യത്തിനും സമൂഹ്യ വിപത്തിനും എതിരെ ജനകീയ ഐക്യം” എന്ന ക്യാമ്പയിന്റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ദുരന്തങ്ങൾ സൃഷ്ടിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനു പകരം സംസ്ഥാന സർക്കാർ അവയുടെ വൻതോതിലുള്ള വ്യാപനത്തിന് സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭണങ്ങളുമായി മദ്യവിരുദ്ധ ജനകീയ മുന്നണി മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
മദ്യവിരുദ്ധ ജനകീയ മുന്നണി താലൂക്ക് ചെയർമാൻ ഫാദർ ഡോ.ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ ജില്ലാ ജോയിന്റ് കൺവീനർ മധു ചെങ്ങന്നൂർ, ഫാദർ ഡാനിയൽ തെക്കേടത്ത്, ഫാദർ രാജൻ വർഗീസ്, ഫാദർ സ്റ്റീഫൻ വർഗീസ്, റെവ.ഏബ്രഹാം വി സാംസൺ, ഫാദർ മാത്യു വലിയപറമ്പിൽ, രാജൻ കൈപ്പള്ളിൽ, ഡേവിഡ് ചാക്കോ, ജേക്കബ് മാത്യു, എന്നിവർ പ്രസംഗിച്ചു. താലൂക്ക് കൺവീനർ കെ.ബിമൽജി സ്വാഗതവും പി.കെ ബാലകൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു.