പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി നാളെ ( നവംബര്‍ 1) ഉച്ച കഴിഞ്ഞ് 2.30 ന് അടൂരില്‍ മനുഷ്യ മഹാ ശൃംഖല സംഘടിപ്പിക്കും. അടൂര്‍ യു ഐ ടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത്. അടൂര്‍ നഗരസഭ, എക്‌സൈസ് വകുപ്പ്, വിമുക്തി ജില്ലാ മിഷന്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ അഭിമുഖ്യത്തില്‍ അടൂര്‍ നഗര പ്രദേശങ്ങളിലെ മുഴുവന്‍ സ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജ്, മാര്‍ ക്രിസോസ്റ്റം കോളജ്, ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ്, അടൂര്‍ ബി എഡ് സെന്റര്‍, യുഐടി അടൂര്‍, സിന്ധു ഐടിസി എന്നീ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ ഈ ശൃംഖലയില്‍ അണിചേരും.
ലഹരിവിരുദ്ധ നൃത്തശില്പം അടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്‌ളാഷ് മോബ് മാര്‍ ക്രിസോസ്റ്റം കോളജ് കുട്ടികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.