പത്തനംതിട്ട : സമൂഹ മന:സ്സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധുവധക്കേസിൽ ഹാജരാകുന്ന അഭിഭാഷകന് നാളിതു വരെ ഒരു രൂപ പോലും വക്കീൽ ഫീസായി നൽകിയിട്ടില്ല. 2022 ഫെബ്രുവരി 16 മുതൽ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായും ജൂലൈ 11 മുതൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു വരുന്ന അഭിഭാഷകൻ കഴിഞ്ഞ 8 മാസക്കാലമായി മധു വധ കേസിനു വേണ്ടിയാണ് ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. ഇതിനോടകം 75 സിറ്റിംഗുകളിലൂടെ ഭൂരിഭാഗം സാക്ഷികളെയും വിസ്തരിച്ചു കഴിഞ്ഞു.
ഇനി നാമമാത്രമായ സാക്ഷികളെ മാത്രമേ വിസ്തരിക്കുവാൻ ഉള്ളൂ.
സർക്കാരിനു താല്പര്യമുള്ള കേസ്സുകളിൽ വളരെ ഉയർന്ന ഫീസ് നൽകി അഭിഭാഷകരെ കൊണ്ടു വരുമ്പോഴാണ് ഫീസിനും ചിലവിനും വേണ്ടി മധുവധക്കേസ്സിലെ അഭിഭാഷകൻ സർക്കാരിന് കത്ത് നൽകി കാത്തിരിക്കുന്നത്.
ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടായി മധുവധക്കേസ്സിലെ അഭിഭാഷകന് വക്കീൽ ഫീസ് അനുവദിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് കേരളാ സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെടുന്നു.
പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ പി.കെ.രാമകൃഷ്ണൻ ,സി.എ. രവീന്ദ്രൻ , വിനോദ് തുവയൂർ , പ്രീതി രാജേഷ് എന്നിവരുടെ പ്രസീഡിയത്തിൽ നടന്ന ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബി. അജിത് കുമാർ ,രജിസ്ടാർ എം.കെ. ശിവൻ കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം എം.ആർ.രാജൻ, ശ്രീമതി ശ്രീലത ബിജു, ലേഖാ സുഭാഷ്, സിന്ധു മുരളി, സുമ സരേഷ് എന്നിവർ
സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സനൽകുമാർ റാന്നി കൃതജ്ഞത രേഖപ്പെടുത്തി.