കാബൂൾ : താലിബാന്റെ കയ്യിൽനിന്ന് വടക്കൻ അഫ്ഗാനിസ്ഥാനിലെ മൂന്നു ജില്ലകൾ അഫ്ഗാൻ പ്രതിരോധസേന തിരിച്ചുപിടിച്ചെന്ന് റിപ്പോർട്ട്. പഞ്ച്ഷീറിന്റെ വടക്ക് ഭാഗത്തുള്ള ബഗ്‌ലാൻ പ്രവിശ്യയിലെ ദേഹ് സാലിഹ്, ബാനോ, പുൽ-ഹെസർ ജില്ലകളാണ് പിടിച്ചെടുത്തത്. പ്രതിരോധ മന്ത്രി ജനറൽ ബിസ്മില്ല മുഹമ്മദി ട്വീറ്റിലൂടെ പറഞ്ഞതാണ് ഇക്കാര്യം. താലിബാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രാദേശിക ടെലിവിഷൻ സ്റ്റേഷൻ ടോളോ ന്യൂസ് ഒരു പ്രാദേശിക പോലീസ് കമാൻഡറെ ഉദ്ധരിച്ച് ബഗ്‌ലാനിലെ ബാനോ ജില്ല അഫ്ഗാന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതൊക്കെ സംഘങ്ങളാണ് താലിബാനെതിരായി അണിനിരന്നതെന്ന് വ്യക്തമല്ല.
അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളം വഴിയുള്ള രക്ഷാദൗത്യം കൂടുതല്‍ ദുഷ്കരമാകുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക അറിയിപ്പ് കിട്ടാതെ വിമാനത്താവളത്തിലേക്ക് യാത്രചെയ്യരുതെന്ന് യുഎസും ജര്‍മനിയും അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐഎസ്, അല്‍ഖായിദ ഭീകരസംഘടനകള്‍ അഫ്ഗാനില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നാണ് സൂചന.