പത്തനംതിട്ട : കർഷക സമരത്തെ ഭരണ നേതൃത്വം ചോരയിൽ മുക്കി കൊല്ലുന്നു എന്നതിന്റെ തെളിവാണ് യുപിയിലെ ലഖിംപൂരിലെ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി സി സി യുടെ നേതൃത്വത്തിൽ പത്തനതിട്ട ഹെഡ് പോസ്റ്റോഫിസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും ധ്വംസിച്ച് കർഷക സമരങ്ങളെ അടിച്ചമർത്തി ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഏകാധിപത്യ ഭരണകൂടങ്ങൾ ചരിത്രത്തിന്റെ ചവിട്ട് കൊട്ടയിൽ എറിയപ്പെട്ടിട്ടുള്ളതിന്റെ പാഠം ഉൾക്കൊണ്ടുകൊണ്ട് കേന്ദ്ര സർക്കാർ പ്രവർത്തിക്കണമെന്നും ആന്റോ ആന്റണി പറഞ്ഞു.
പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ചർച്ചപോലും കൂടാതെ പാസ്സാക്കിയ കർഷകദ്രോഹ ബില്ല് പിൻവലിക്കുന്നതുവരെ കർഷകർ നടത്തുന്ന സമരത്തിന് കോൺഗ്രസ് പാർട്ടി എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയേയും കോൺഗ്രസ് നേതാക്കളേയും നിശബ്ദരാക്കി സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യ ഇന്ത്യ എന്തുവിലകൊടുത്തും നേരിടുമെന്ന് ആന്റോ ആന്റണി എംപി മുന്നറിയിപ്പ് നൽകി.
ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറിമാരായ കെ. ശിവദാസൻ നായർ, പഴകുളം മധു, മുൻ ഡി സി സി പ്രസിഡന്റ് പി. മോഹൻരാജ്, എ ഐ സി സി അംഗം മാലേത്ത് സരളാദേവി, കെ പി സി സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, യു ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി സി സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ എന്നിവർ പ്രസംഗിച്ചു.