മലപ്പുറം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങൾ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു. ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണെന്നും തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന സുന്ദരികളായ സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ പി ശശി വാങ്ങിവെയ്ക്കാറുണ്ടെന്നാണ് പി വി അന്‍വര്‍ പരാതിയില്‍ പറയുന്നത്. കേസന്വേഷണം എങ്ങനെ പോകുന്നു എന്ന് പ്രത്യേക താത്പര്യത്തോടെ പി ശശി അവരോട് അന്വേഷിച്ചിരുന്നു. പരാതിക്കാരായ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പലരും എടുക്കാതെ ആയി. പി ശശിയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള നാണക്കേട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമുണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.