പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാനല്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മറിച്ച് സാമൂഹിക കൂട്ടായ്മയായ ഡിഎംകെയുടെ സാന്നിധ്യം അറിയിക്കാനാണെന്നും പി വി അന്‍വര്‍ പറഞ്ഞു. തന്റെ നിലപാടുകള്‍ക്ക് തുടക്കം മുതല്‍ പാലക്കാട് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. പാലക്കാട് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനുള്ള അന്‍വറിന്‌റെ നീക്കത്തെ പിന്തുണച്ച് ദ്രാവിഡ മുന്നേറ്റ കഴകം പാലക്കാട് ജില്ലാ ഘടകം രംഗത്തെത്തി. അന്‍വറിന് പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അക്ബര്‍ അലി പറഞ്ഞു.
പുതിയ സംഘടനയ്ക്ക് പിന്തുണ തേടി കഴിഞ്ഞ ദിവസം പി വി അന്‍വറിന്റെ നേതൃത്വത്തില്‍ പാലക്കാട് ഹോട്ടല്‍ കെപിഎം റീജന്‍സിയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അനൗദ്യോഗികയോഗം ചേര്‍ന്ന് താത്ക്കാലിക ജില്ലാ കോര്‍ഡിനേറ്ററായി മിന്‍ഹാജിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക യോഗം വൈകാതെ നടക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സജീവമായി ഉണ്ടാകും. ഗൗരവത്തില്‍ പാലക്കാടും ചേലക്കരയും കാണും. ഡിഎംകെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമേയില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.