കൊച്ചി: കൊച്ചി സിറ്റി റേഷനിങ് ഓഫീസിന് മുന്നില്‍ റേഷന്‍ കാര്‍ഡിനെ ചൊല്ലി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. ഓഫീസറുടെ മുന്നില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനുള്ള മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയുടെ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച ശേഷം കൊച്ചിയിലെ റേഷനിങ് ഓഫീസറുടെ മുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു. തീപ്പെട്ടിക്കൊള്ളി ഉരയ്ക്കുന്നതിനിടെ ഓടിയെത്തിയ നാട്ടുകാര്‍ തട്ടി മാറ്റുകയായിരുന്നു.
വീട്ടുജോലി ചെയ്താണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് വീട്ടുജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായതോടെ എപില്‍ കാര്‍ഡില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യസാധനങ്ങള്‍കൊണ്ട് വീട് പോറ്റാന്‍ പറ്റാത്ത സ്ഥിതിയായി. ഇതേതുടര്‍ന്ന് എപിഎല്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനായി ഇവര്‍ ദിവസങ്ങള്‍ റേഷനിങ് ഓഫീസ് കയറി ഇറങ്ങിയിരുന്നു. എന്നിട്ടും തീരമാനമാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.
എന്നാല്‍ ഇക്കാര്യത്തില്‍ റേഷനിങ് ഓഫീസറുടെ വിശദീകരണം ഇങ്ങനെയാണ്. എപിഎല്‍ കാര്‍ഡ് ബിപില്‍ കാര്‍ഡ് ആക്കിമാറ്റുന്നതിനായി 500ലധികം അപേക്ഷകളാണ് കിട്ടിയിട്ടുള്ളത്. 2019 ഒക്ടോബര്‍ മുതലുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. വീട്ടമ്മ രണ്ടുമാസം മുന്‍പാണ് അപേക്ഷ നല്‍കിയത്. ഇവരുടെ കാര്‍ഡിലും നടപടി തുടങ്ങിയതായും റേഷനിങ് ഓഫീസര്‍ പറഞ്ഞു.