ദില്ലി : ആപ്പിള്‍ കമ്പനി ഇന്ത്യയിലെ അവരുടെ ദീപാവലി സെയില്‍ 2024ന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3ന് ആരംഭിക്കുന്ന വില്‍പനയില്‍ ഐഫോണുകളും മാക്‌ബുക്കുകളും ആപ്പിള്‍ വാച്ചുകളും മറ്റ് ഉപകരണങ്ങളും മികച്ച ഓഫറില്‍ വാങ്ങാം. ടെക് ഭീമനായ ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന തീയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിളിന്‍റെ ദീപാവലി വില്‍പന ഒക്ടോബര്‍ 3ന് ആരംഭിക്കും. ഏറെ ആകര്‍ഷകമായ ഓഫറുകള്‍ ഈ വില്‍പനവേളയില്‍ ആപ്പിള്‍ നല്‍കുമെങ്കിലും വിശദ വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. നോ-കോസ്റ്റ് ഇഎംഐ, ആപ്പിള്‍ ട്രേഡ്-ഇന്‍, കോംപ്ലിമെന്‍ററി ആപ്പിള്‍ മ്യൂസിക് തുടങ്ങിയ സൗകര്യങ്ങള്‍ ദീപാവലി വില്‍പനയിലുണ്ടാകും.
ഐഫോണുകളിലും മാക്‌ബുക്കുകളിലും ആപ്പിള്‍ വാച്ചുകളിലും വില്‍പന കാലയളവില്‍ പ്രത്യേക വിലക്കിഴിവുകളുണ്ടാകും എന്നാണ് പ്രതീക്ഷ. ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സിരീസായ ഐഫോണ്‍ 16ന് എന്തെങ്കിലും ഓഫര്‍ ദീപാവലി വില്‍പനയിലുണ്ടാകുമോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 16 സിരീസില്‍ നാല് സ്മാര്‍ട്ട്ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 16 മോഡല്‍ 79,900 ഉം, ഐഫോണ്‍ 16 പ്ലസ് 89,900 ഉം, ഐഫോണ്‍ 16 പ്രോ 119,900 ഉം, ഐഫോണ്‍ 16 പ്രോ മാക്‌സ് 144,900 ഉം രൂപയിലാണ് ആരംഭിക്കുന്നത്. ഇവയുടെ വിവിധ സ്റ്റേറേജ് വേരിയന്‍റുകള്‍ ലഭ്യമാണ്. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ സഹിതം ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്‍റെയും ഫ്ലിപ്‌കാര്‍ട്ടിന്‍റെയും പ്രത്യേക വില്‍പനമേള പുരോഗമിക്കുകയാണ്. ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലിലും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലും ഐഫോണ്‍ അടക്കമുള്ളവയ്ക്ക് ഓഫറുകളുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് പഴയ ഐഫോണ്‍ മോഡലുകള്‍ ഇരു പ്ലാറ്റ്ഫോമുകളും വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.