കിടങ്ങന്നൂർ: ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ ഗവ: എൽ പി സ്കൂളിൽ ബാലികാ ദിനം ആചരിച്ചു. സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭാര്യയാണ്, സഹോദരിയാണ്, മകളാണ്, പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണെന്നും അവരെ കരുതലോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്നും സന്ദേശത്തിൽ പറഞ്ഞു.
സ്വന്തം കുടുംബത്തിലെ പെൺകുഞ്ഞുങ്ങളെ സ്നേഹിക്കാനും ലാളിക്കാനും തയ്യാറാകുന്നവർ അടുത്ത വീട്ടിലെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന കഥകൾ നിരവധിയാണ്. സ്വന്തം കുടുംബങ്ങളിൽ പോലും കുഞ്ഞുങ്ങൾ ചൂഷണങ്ങൾക്ക് വിധേയമാകുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ആറന്മുള ജനമൈത്രി പോലീസ് സ്കൂളില്‍ എത്തിയത്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും, ഓരോ പെൺകുട്ടിയെയും ബഹുമാനത്തോടെ കാണണമെന്നും ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറട്ടെയെന്ന് പ്രതിജ്ഞ്ഞ ചെയ്തു കൊണ്ട് ദേശീയ ബാലിക ദിനം ആചരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ബാലിക ദിന സന്ദേശം നല്കി. സ്കൂൾ ഹെഡ്മിസ്ട്രസ് എ.ഷാദം അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ ജി.അജിത്ത്, അദ്ധ്യാപിക എം.ജി.വിജയകുമാരി, ആറന്മുള ബി ആർ സി ഉദ്യോഗസ്ഥരായ സി.കെ.അജിത്ത്, കെ.ബി.ദിലീപ് കുമാർ, കെ.ജെ.രാധാമണി എന്നിവർ പ്രസംഗിച്ചു.