ആറന്മുള : റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ വാരം ആചരിച്ചു. ആറന്മുള ഐക്കര ജംഗ്‌ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ എസ് എച്ച് ഒ ജി.സന്തോഷ് കുമാർ സന്ദേശം നല്കി.
അപകടങ്ങൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിന് വിരാമമിടാൻ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന എല്ലാവരും റോഡ് നിയമങ്ങൾ പാലിക്കണമെന്ന് ജി.സന്തോഷ് കുമാർ പറഞ്ഞു. നിയമങ്ങൾക്കും അപ്പുറം ചില സ്വയം നിയന്ത്രണങ്ങൾ റോഡില്‍ ഇറങ്ങുമ്പോള്‍ നമുക്കുണ്ടാകണം. റോഡുകളിൽ ചോരക്കറകൾ വീഴാതിരിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. സുരക്ഷിതമായി വാഹനമോടിക്കണമെന്ന ബോധം എപ്പോഴും ഉണ്ടാകണം. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട് ഇനി ഒരു കുടുംബത്തിനും തീരാദുഃഖമുണ്ടാകരുത്.
സുരക്ഷിതയാത്ര ഒരുക്കുന്നതിന് അനുകരണീയമായ മാതൃകകൾ ആകണം നാം ഓരോത്തരും. റോഡുകളിലെ പരക്കംപാച്ചിലുകൾ ഒഴിവാക്കി റോഡ് എല്ലാവരുടെതുമാണെന്ന ചിന്ത ഉണ്ടാകണം. ഈ ദിവസം അത് ഓർമ്മപ്പെടുത്താനുള്ളതാണെന്ന് സന്ദേശത്തിൽ എസ് എച്ച് ഒ ജി.സന്തോഷ് കുമാർ പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ പ്രസംഗിച്ചു.