കിടങ്ങന്നൂര്‍ : ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പും സൈബർ ചതിക്കുഴികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും കിടങ്ങന്നൂർ എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇന്ന് ഇളം തലമുറ ലഹരിയുടെ ചതിക്കുഴിയിൽപ്പെട്ട് പോകുന്നത് വ്യാപകമാവുകയാണെന്നും ലഹരി കടത്തുകാരും വിതരണക്കാരും വിദ്യാർത്ഥികൾ അറിയാതെ തന്നെ അവരെ ക്യാരിയർമാരായി ഉപയോഗിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ജി.സന്തോഷ് കുമാർ പറഞ്ഞു . അപരിചിതർ നല്കുന്ന പൊതി ഒരു കാരണവശാലും വാങ്ങരുത്. പാൻപരാഗ് ,ഹാൻസ് , ശംഭു പോലെയുള്ള ലഹരികൾ സ്കൂളുകൾ കേന്ദ്രികരിച്ച് ഉപയോഗം നടക്കുന്നുണ്ട്. പാന്‍പരാഗിലും ഹാന്‍സിലും തുടങ്ങി വൈറ്റ്നര്‍, പശ, എന്നിവയും ആസ്വദിച്ച് കഞ്ചാവിലൂടെ വേദന സംഹാരി ഗുളികകളുടെ ലഹരിയിലേക്കും തുടർന്ന് വലിയ തരത്തിലുള്ള മയക്കുമരുന്നിലേക്കും മദ്യോപയോഗത്തിലേക്കും യുവതലമുറ ഈയാം പാറ്റകളെപോലെ കടന്നു ചെല്ലുകയാണ്. ഇളം തലമുറ തെറ്റായ വഴിയിലേയ്ക്ക് പോകാതിരിക്കാനുള്ള ബോധവത്ക്കരണ പ്രവർത്തനമാണ് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ സ്കൂളുകളും കേന്ദ്രീകരിച്ച് ” കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ ” എന്ന പേരിൽ സംഘടിപ്പിക്കുന്നത്. സമൂഹത്തെയും ആരോഗ്യത്തെയും നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് പോലീസ്. ജനങ്ങളുടെ പിന്തുണയും സഹകരണവും പോലീസിനു ലഭിക്കണം. എങ്കില്‍ മാത്രമേ ദൌത്യം പൂര്‍ണ്ണമായി വിജയിക്കുകയുള്ളൂവെന്നും ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ പറഞ്ഞു.
ഇന്റര്‍നെറ്റും സാങ്കേതിക ആശ്രയത്വവും നവ മാധ്യമ ലോകവും ഏറിവരുന്ന കാലമാണിത്. അത് ഒരു പരിധിവരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്തുടരുന്ന സൈബർ ഭീഷണികളുടെ വിവിധ വശങ്ങള്‍ വിദ്യാർത്ഥികൾ വേണ്ടവിധം മനസിലാക്കുന്നില്ല. ഇവയുടെ മായാലോകത്ത് അറിയാതെ പെട്ടൂപോയി ചതിക്കുഴികളിൽ വീണ് പോയ വിദ്യാർത്ഥി വിദ്യർത്ഥിനികളുടെ കഥകൾ ഏറെ നമുക്കറിയാം. സൈബർ കുറ്റകൃത്യങ്ങളിൽ വീണ് പോയ കുട്ടികൾ നിരവധിയാണ്. ഇനി ഇത് ആവർത്തിക്കാൻ പാടില്ലായെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ പറഞ്ഞു
സെബർ ക്രൈം, സൈബർ ലോ എന്നിവയെക്കുറിച്ചും ക്ലാസ് നടന്നു. സ്കൂൾ പ്രിൻസിപ്പാൾ സി ആർ പ്രീത അദ്ധ്യക്ഷത വഹിച്ചു. എസ് ഐ സി.കെ.വേണു ക്ലാസ് നയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, അദ്ധ്യാപകരായ ഷൈലജ കെ നായർ, ജയ ജി. പണിക്കർ, സ്കൂൾ ലീഡർ ഫെബിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.