കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഞള്ളൂരിനും എലിമുള്ളുംപ്ലാക്കലിനും ഇടയിലെ വനഭാഗത്തെ കൊടും വളവുകളിലാണ് വാഹനാപകടങ്ങൾ ഏറെയും. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസും കാറും ഇവിടെ കൂട്ടിയിടിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. മുൻപും ഇതിന് തൊട്ടടുത്തെ വളവുകളിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ബി എം ആൻ്റ് ബി സി റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത്തിലുള്ള സഞ്ചാരവും വളവുകളിൽ ഹോൺ മുഴക്കാത്തതുമാണ് അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
തുടർച്ചയായി കൊടും വളവുകളുള്ള സ്ഥലങ്ങളിൽ പോലും വാഹന യാത്രക്കാർ അശ്രദ്ധമായാണ് വാഹനമോടിക്കുന്നതെന്നും ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൊടും വളവുകളിൽ പലപ്പോഴും വാഹനങ്ങൾ അടുത്തെത്തി കഴിഞ്ഞാണ് പരസ്പരം കാണുക. പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപെടുന്നത്. കൊടും വളവുകളിൽ പലയിടങ്ങളിലും മിററുകൾ സ്ഥാപിക്കുവാനുമുണ്ട്. മഴക്കാലത്ത് റോഡിലെ വളവുകളിലൂടെ ഒഴുകുന്ന വെള്ളം ടയറുകളുടെ ഘർഷണം കുറയ്ക്കുന്നതിനും വാഹനങ്ങൾ തെന്നി വീഴുന്നതിനും കാരണമാകുന്നുണ്ട്. റോഡിന്റെ അപകട സാധ്യതയുള്ള പല സ്ഥലങ്ങളിലും ഇനിയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുവാനുമുണ്ട്. ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇരുചക്ര വാഹന യാത്രക്കാരും അമിത വേഗതയിലെത്തി അപകടങ്ങൾ നടക്കുന്നതും കുറവല്ല.