ആറന്മുള: കോവിഡ് കാലത്ത് ആചാരങ്ങൾ പൂർത്തിയാക്കാൻ ളാക -ഇടയാറന്മുള പള്ളിയോടത്തിന് നിയോഗം. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ, ഉതൃട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നീ മൂന്ന് ചടങ്ങുകളിൽ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും മാനദണ്ഡങ്ങൾ പാലിക്കാൻ കരക്കാർ സന്നദ്ധമായതോടെയാണ് ചരിത്രപരമായ നിയോഗം ളാക – ഇടയാറന്മുളയെ തേടി വന്നത്.
ആറന്മുളയ്ക്ക് സമീപമുള്ള കരകളിലേതെങ്കിലുമൊന്ന് കോവിഡ് മാനദണ്ഡങ്ങളും പള്ളിയോട സേവാസംഘം പൊതുയോഗം മുന്നോട്ടുവെച്ച എല്ലാ കരകൾക്കുള്ള പ്രാതിനിധ്യവും ഉൾപ്പെടെ പാലിക്കാൻ തയ്യാറായാൽ മൂന്ന് ചടങ്ങുകളിലും പങ്കെടുക്കാൻ കഴിയുമെന്നതായിരുന്നു നേരത്തേയുള്ള തീരുമാനം.
ഇതനുസരിച്ച് തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാൻ കിഴക്കൻമേഖലയിൽ നിന്നുള്ള കരക്കാരും ഉതൃട്ടാതി വള്ളംകളിക്ക് പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള കരക്കാരും അഷ്ടമിരോഹിണി വള്ളസദ്യക്ക് മധ്യമേഖലയിൽ നിന്നുള്ള കരക്കാരും പ്രാതിനിധ്യം വഹിക്കും.
എല്ലാ ചടങ്ങുകളിലും ളാക – ഇടയാറന്മുള കരയിൽ നിന്നുള്ളവർക്ക് പുറമേ ഓരോ ചടങ്ങിലും മറ്റ് കരകളിൽ നിന്നുള്ള 15 മുതൽ 18 പേർ വരെ പങ്കാളികളാകും. പള്ളിയോടത്തിൽ ആകെയുള്ളവരുടെ എണ്ണം 24 ആയി നിജപ്പെടുത്തണമെന്ന സർക്കാർ നിർദേശം പാലിച്ചായിരിക്കും ഇവയെല്ലാം നടത്തുന്നത്.