തിരുവനന്തപുരം : യുവതിയെ ഡീസല്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതിനു ശേഷം പോലീസിനെ കണ്ട് രക്ഷപെട്ട ഭര്‍ത്താവ് പിടിയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24)യുടെ ഭര്‍ത്താവ് സുരേഷ് ആണ് പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയായിരുന്നു അര്‍ച്ചന തീ പൊള്ളലേറ്റു മരിച്ചത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും സുരേഷ് ഓടിരക്ഷപെട്ടിരുന്നു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയയെ കുടുംബ വീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.