കോഴിക്കോട് : ഇടക്കാലത്തിനു ശേഷം അടക്ക വിലയിൽ മുന്നേറ്റം. കോഴിക്കോട്ടടക്കം വിവിധ മാർക്കറ്റുകളിൽ അടയ്ക്കക്ക് റെക്കോഡ് വില. കോഴിക്കോട്, മലപ്പുറം, തൃശൂർ മാർക്കറ്റിൽ ക്വിന്റലിന് 44,000 രൂപയാണ്. മികച്ച നിലവാരമുള്ള കാസർകോടൻ ഇനത്തിന് 46,000 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. കോഴിക്കോട് പഴയ അടയ്ക്കക്ക് 44,000 രൂപയാണ്. ഇതിനു മുമ്പ് 37,300 രൂപയായിരുന്നു കോഴിക്കോട് മാർക്കറ്റിലെ റെക്കോഡ് വില. നിരക്ക് ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഒരു മാസം കൊണ്ട് 6700 രൂപയുടെ വർധനവുണ്ടായി. പുതിയ അടയ്ക്കക്ക് ക്വിന്റലിന് 36500 രൂപയാണ്. നാലു മാസമായി അടയ്ക്കയുടെ വില അടിക്കടി ഉയരുകയാണ്. ജൂണിൽ 35,000 ആയിരുന്നത് ജൂലൈയിൽ 36000 ആയി. ആഗസ്‌തിൽ 37,300, സെപ്തംബറിൽ 44,000 ആയും ഉയർന്നു.കോവിഡിനെ തുടർന്ന് ഇറക്കുമതി നിലച്ചതാണ് അടയ്ക്കയുടെ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
പുതിയ അടയ്ക്ക മാർക്കറ്റിൽ എത്തുന്നതുവരെ വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യൻ വിപണിയിൽ അടയ്ക്കക്കുള്ള ആവശ്യം തുടരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും രോഗവും കാരണം ഉൽപ്പാദനം കുറഞ്ഞ് പ്രതിസന്ധിയിലായ കർഷകർക്ക് വില വർധിച്ചത് വലിയ ആശ്വാസമായി. എന്നാൽ ലോക്ക്ഡൗൺ പിൻവലിച്ചയുടനെ ചെറുകിട കച്ചവടക്കാർ മുഴുവൻ സ്‌റ്റോക്കും വിറ്റഴിച്ചതിനാൽ ഇവർക്ക് വില ഉയർന്നതിന്റെ ഗുണം ലഭിച്ചില്ല.