ബംഗളൂരു: കാറിൽ വെള്ളം തെറിപ്പിച്ച പകയിൽ യുവാവിൻറെ വിരൽ കടിച്ചുമുറിച്ചു. ബംഗളൂരുവിലെ ലുലുമാൾ അണ്ടർപാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിൻറെ കൈവിരലാണ് മറ്റൊരു യുവാവ് കടിച്ചുമുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ലുലു മാളിന് സമീപമുള്ള സിഗ്നലിൽ നിന്ന് കാർ തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തിലേയ്ക്ക് അബദ്ധത്തിൽ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാരൻ അസഭ്യം പറയുകയും ജയന്തിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ജയന്തിൻറെ വലതുകൈയിലെ മോതിരവിരലാണ് യുവാവ് കടിച്ചുമുറിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജയന്ത് ആശുപത്രിയിൽ ചികിത്സ തേടി. ജയന്തിൻറെ പരിക്കേറ്റ കൈവിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോർട്ടുകൾ. നല്ല മഴയായതിനാൽ വെള്ളം തെറിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ജയന്ത് പറയുന്നത്. തൻറെ കാറിന് സമീപം മറ്റൊരു കാർ പാഞ്ഞെത്തിയപ്പോഴാണ് സംഗതി മനസിലായത്. കാറിലുണ്ടായിരുന്ന സ്ത്രീ ശകാരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കാറിൽ നിന്ന് യുവാവ് പുറത്തിറങ്ങി അസഭ്യം പറഞ്ഞത്. തുടർന്ന് അയാൾ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും ജയന്ത് പറയുന്നു. ജയന്തിൻറെ ഭാര്യയുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.