കണ്ണൂർ : ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഐഫോൺ കണ്ടെത്തിയത്. ഇതിനുപുറമെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടികളും പോലീസ് പൂർത്തിയാക്കി. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള ആയങ്കിയെ ഇന്ന് രാവിലെ അപ്പാർട്ട്മെന്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് ഫോൺ ലഭിച്ചത്. ഈ ഫോണിൽ നിന്നാണ് ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റുകളും കമന്റുകളും ഇട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പിലെ ലോഡ്ജിലെത്തിച്ചും വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് തീരുമാനിച്ചത്. നിലവിൽ 23 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. സമൂഹത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇയാളുടെ കേസുകളുടെ ചരിത്രം വ്യക്തമാക്കുന്ന റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കളക്ടർക്ക് കൈമാറും. കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.






























