റാഞ്ചി : തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭമുണ്ടാകുമെന്ന മുന്നറിപ്പുമായി ഝാർഖണ്ഡിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥി നേതാക്കൾ. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (ജെപിഎസ്‌സി), ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (ജെഎസ്എസ്‌സി) എന്നിവ നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ജെഎസ്എസ്‌സി-സിജിഎൽ പരീക്ഷ റദ്ദാക്കണമെന്നും റിക്രൂട്ട്‌മെന്റ് നടപടികളിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നുമാണ് വിദ്യാർഥിപ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം ഝാർഖണ്ഡ് ലോക്തന്ത്രിക് ക്രാന്തികാരി മോർച്ച (ജെകെഎൽഎം) നേതാവ് ദേവേന്ദ്രനാഥ് മഹ്‌തോയുടെ നിരാഹാര സമരം ഇന്നത്തോടെ (ഓഗസ്റ്റ് 12) പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ദേവേന്ദ്ര നിരാഹാരം തുടരുകയാണ്. റാഞ്ചിയിലെ സദർ ആശുപത്രിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്. കുട്ടികളെ തടയാനുള്ള പോലീസിന്റെ ശ്രമങ്ങൾക്കിടയിലും തിങ്കളാഴ്ച സംസ്ഥാന നിയമസഭയിലേക്ക് നടന്ന മാർച്ചിൽ ഏകദേശം അൻപതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തതായി വിദ്യാർഥി നേതാവ് രവീന്ദ്ര പാസ്വാൻ പറഞ്ഞു. പ്രതിഷേധമാർച്ചിനു നേരെയുണ്ടായ പോലീസ് നടപടിയേയും അദ്ദേഹം വിമർശിച്ചു.
‘തങ്ങളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. ഈ പ്രതിഷേധത്തെ വലിച്ചുനീട്ടിക്കൊണ്ടുപോകരുത്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്തപക്ഷം ഇത് വിദ്യാർഥി പ്രതിഷേധത്തിൽനിന്ന് ബഹുജന മുന്നേറ്റമായി മാറും. ഞങ്ങളുടെ മാതാപിതാക്കളുടെ രക്തം തിളയ്ക്കുകയാണ്. അവരെ ഇതുവരെയും ശാന്തരാക്കി നിലനിർത്തിയിരിക്കുന്നത് ഞങ്ങളാണ്. ഇതിനെ ഒരു ജനകീയ പ്രക്ഷോഭമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഞങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കും, പാസ്വാൻ കൂട്ടിച്ചേർത്തു..






























