കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പും ഡോക്ടർമാരും അറിയിച്ചു. കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ ആരോഗ്യനിലയും നിരീക്ഷിച്ചുവരികയാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടി അടുത്തിടെ കഴിച്ച ഭക്ഷണം, കുടിച്ച വെള്ളം, സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചുവരികയാണ്. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കാനും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.






























