പത്തനംതിട്ട : ഉത്തർപ്രദേശിലെ ലഖിംപുർ മേഖലയിൽ ഭരണകൂട ഭീകരതയുടെ ഇരകളായി കൊല്ലപ്പെട്ട എട്ട് കർകരുടെ ബന്ധുക്കളെ സന്ദർശിച്ച് ആശ്വസിപ്പിക്കുവാൻ എത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടസപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത യുപി പോലീസിന്റ നടപടി അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കർഷക സമരത്തെ അടിച്ചമർത്തുവാൻ കോൺഗ്രസ് അനുവദിക്കില്ല എന്നതിന്റെ ഉദാഹരണമാണ് പ്രിയങ്ക ഗാന്ധിയുടെ ധീരമായ നടപടിയെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ പാസ്സാക്കിയ കർഷക ദ്രോഹ ബില്ലിനെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തെ ചോരയിൽ മുക്കി കൊല്ലുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ അവസാനത്തെ ഉദാഹരണമാണ് ലഖിംപുരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകൻ തന്നെ നേരിട്ട് നടത്തിയ കൊലപാതകം.
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലാ, ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ കോൺഗ്രസ് കമ്മിറ്റികൾ പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചതായി ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.