തൃശൂർ: വാദ്യഘോഷത്തിൽ ആസ്വാദക മനംനിറച്ച് മഠത്തിൽ വരവിൽ കോങ്ങോട് മധുവിന്റെയും സംഘത്തിന്റെയും ഗംഭീര വാദ്യപ്രമാണം. തിമിലയും കൊമ്പും മദ്ദളവും ഇലത്താളവും കൊട്ടിപ്പകർന്ന രസതന്ത്രത്തിൽ വേദമന്ത്രങ്ങളാൽ മുഖരിതമായ ബ്രഹ്മസ്വം മഠവും പരിസരവും പുളകംകൊണ്ടു. പതിവുതെറ്റിച്ച് ഒരു താളവട്ടം കൂട്ടിക്കൊട്ടി വാദ്യാസ്വാദകർക്ക് സംഗീത വിരുന്നായി മാറി. മണിക്കൂറുകൾക്കു മുമ്പേ അക്ഷമയോടെ കാത്തുനിന്നവർക്ക് പതിവുപോലെ പതികാലം തുടങ്ങി, കാലം നിരത്തി പതികാലം രണ്ടു താളവട്ടം കൊട്ടി നാലും കൂട്ടിക്കൊട്ട്.
നാലാമത്തെ കൂട്ടിക്കൊട്ടിൽ കാലം മാറി വിസ്മയം തീർത്തതോടെ ആസ്വാദക ഹർഷാരവം. എഴുപതോളം പേർ അടങ്ങിയ പഞ്ചവാദ്യസംഘം ഒരുക്കിയ അവിസ്മരണീയ മേളത്തിൽ ആലിലകൾ പോലും താളമിട്ടു. കോട്ടക്കൽ രവി മദ്ദളത്തിലും തിച്ചൂർ മോഹനൻ എടക്കയിലും മഠത്തിലാത്ത് മണികണ്ഠൻ കൊമ്പിലും ചേലക്കര സൂര്യനാരായണൻ താളത്തിലും പ്രമാണം വഹിച്ചു. തിമിലയിൽ കാലം തുടങ്ങിയതോടെ ജനാരവം ഉച്ചിയിലെത്തി. രാവിലെ 6.45ന് തിരുവമ്പാടിയില്‍നിന്ന് മഠത്തിലേക്ക്. മൂന്നാനകളുമായി ഉണ്ണിക്കണ്ണന്റെ കോലത്തിലാണ് ഭഗവതിയെഴുന്നള്ളിയത്.
10.15ന് നടുവില്‍ മഠത്തില്‍ ഉപചാരങ്ങളോടെ ആനയിച്ച് ബ്രഹ്മസ്വം മഠത്തിലെ വടക്കിനിയില്‍ ഭഗവതിക്ക് വേദാര്‍ച്ചനയും ഇറക്കിപൂജയും. സ്വര്ണത്തലക്കെട്ടോടെ ഭഗവതി പ്രൗഢിയിലെഴുന്നള്ളിയതോടെ മഠത്തിന് മുന്നിലെ ആള്‍ക്കടൽ ആരവമുതിര്‍ത്തു. തിരുവമ്പാടി കണ്ണനില്‍നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റുവാങ്ങിയിരുന്നു. മഠത്തില്‍നിന്ന് ആചാരവെടി മുഴങ്ങിയതോടെ മൂന്നുതവണ ശംഖുനാദം മുഴക്കി മഠത്തില്‍ വരവിന് തുടക്കമായി. പഞ്ചവാദ്യം സ്വരാജ് റൗണ്ടിലേക്ക് കയറിയപ്പോൾ ഭഗവതിക്ക് അകമ്പടിയായി ആനകൾ ഏഴായി. കാലങ്ങൾ കൊട്ടിക്കയറുന്നതിനനുസരിച്ച് അലകടലായി ആവേശം.