അരുവാപ്പുലം : അരുവാപ്പുലം പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാ കേന്ദ്രത്തിനായി തെരഞ്ഞെടുത്ത ഊട്ടുപാറ സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന് പരാതി. ശുദ്ധജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് അഞ്ചു ദിവസം കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. അതിനാൽ സ്കൂളിലെ കിണറിൽ നിന്നാണ് പരിസരത്തെ വീട്ടുകാർ ഉൾപ്പെടെ വെള്ളം എടുക്കുന്നത്. ഇവിടെ ആളുകളെ താമസിപ്പിച്ചാൽ കുടിവെള്ളത്തിന് പ്രയാസം നേരിടുമെന്നാണ് ആളുകളുടെ പരാതി.
അതേ സമയം സൗകര്യപ്രദമായ കെട്ടിടം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തിലെ ആയുർവേദ, ഹോമിയോ, അലോപ്പതി ആശുപത്രിക്കായി അക്കരക്കാലാപ്പടിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയം പ്രാഥമിക ചികിത്സ കേന്ദ്രമാക്കാൻ കഴിയും. ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്കായി 30 കിടക്കകൾക്കുള്ള സൗകര്യം നിലവിലുണ്ട്. വെള്ളവും ശുചിമുറികളുമുണ്ട്. മുകളിൽ മേൽക്കൂര നിർമിച്ചാൽ അവിടെയും കിടക്കകൾ ക്രമീകരിക്കാമെന്നും പ്രദേശവാസികൾ പറയുന്നു . പരാതി ഉയർന്ന സാഹചര്യത്തിൽ ഊട്ടുപാറ സ്കൂളിലെ അസൗകര്യങ്ങളെ സംബന്ധിച്ച് കളക്ടറെ അറിയിക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്