ശബരിമല: ദിവസം ഇരുനൂറിലധികം സ്വാമിമാരാണ് സന്നിധാനത്തെ ഭസ്മക്കുളത്തിനു സമീപം പതിനെട്ടാംവർഷത്തെ വരവറിയിച്ച് തെങ്ങിൻ തൈ നടുന്നത്. നാൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത് എത്തുന്ന സ്വാമിമാർ ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ചശേഷമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലത്ത് തെങ്ങിൻ തൈ നടുക. 18 വർഷം പതിനെട്ടാംപടി ചവിട്ടിയവരാണ് ഗുരുസ്വാമിയായി അറിയപ്പെടുന്നത്. തെങ്ങിൻ തൈ നടാനെത്തുന്ന ഗുരുസ്വാമിമാരിൽ കൂടുതലും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തെങ്ങിൻ തൈ കൂടുതലാകുമ്പോൾ ലേലം ചെയ്ത് നഴ്‌സറികൾക്ക് നൽകുന്നു.
”2004 മുതൽ സന്നിധാനത്ത് എത്തുന്നതാണ്. ഇത് 18-ാം വർഷമാണ്. ഗുരുസ്വാമിയാകാൻ അയ്യപ്പസ്വാമി അനുഗ്രഹിച്ചിരിക്കുന്നു. 18 വർഷം ലഭിച്ച അനുഗ്രഹത്തിനായി തെങ്ങിൻ തൈ നട്ടു”മൈസൂർ നഞ്ചൻകോട് സ്വദേശിയും കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ ഡ്രൈവറുമായ പി. ശ്രീനിവാസൻ പറയുന്നു. മൂന്നാംക്ലാസ് വിദ്യാർഥിയായ മകൾ കനിഷ്‌കയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ശ്രീനിവാസൻ ഇത്തവണ ശബരീശ സന്നിധിയിലെത്തിയത്.