കൊച്ചി : മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് ബഹ്റൈനിലെ പ്രവാസി സംഘടനകളും നേതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു
ജനാധിപത്യ അടിത്തറ തകര്‍ക്കും -ഒ.ഐ.സി.സി
ഡല്‍ഹിയില്‍ നടന്ന വംശീയഹത്യയും അക്രമവും യഥാസമയം സത്യസന്ധമായി ജനങ്ങളുടെ മുന്നില്‍ എത്തിച്ച മീഡിയവണ്‍, ഏഷ്യാനെറ്റ് എന്നീ മാധ്യമങ്ങളുടെ സംപ്രേഷണം നിര്‍ത്തലാക്കിയ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ ബഹ്റൈന്‍ ഒ.ഐ.സി.സി ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന തീരുമാനമാണ് ഇത്. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നിഷേധിച്ച് ഒരു സര്‍ക്കാറിനും അധികകാലം അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല. ഭരണകര്‍ത്താക്കള്‍ക്ക് എതിരെ സത്യസന്ധമായി വാര്‍ത്ത കൊടുക്കുന്ന എല്ലാ ചാനലുകളും പൂട്ടിച്ച് കൂടുതല്‍ സ്ഥലത്തേക്ക് അക്രമം അഴിച്ചുവിടാനുള്ള ഗൂഢപദ്ധതിയുടെ തെളിവാണ് ഇതെന്ന് ഒ.ഐ.സി.സി ബഹ്റൈന്‍ ദേശീയ കമ്മറ്റി വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെത് പ്രതികാര നടപടി -ബഹ്റൈന്‍ കെ.എം.സി.സി
ഡല്‍ഹി കലാപം സത്യസന്ധതയോടെ റിപ്പോര്‍ട്ട് ചെയ്ത മീഡിയവണ്‍ ചാനലിനെയും ഏഷ്യാനെറ്റിനെയും 48 മണിക്കൂര്‍ വിലക്കിയ കേന്ദ്രത്തിന്റെ പ്രതികാര നടപടിയില്‍ ബഹ്റൈന്‍ കെ.എം.സി.സി കമ്മിറ്റി പ്രതിഷേധിച്ചു.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി നിശ്ശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കശ്മീരില്‍ ഒരു ജനതയെ ഇരുട്ടിലടച്ചതുപോലെ ഒരു രാജ്യത്തെതന്നെ നിശ്ശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലപാടും നിഷ്പക്ഷതയും വെച്ചുപുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചുള്ള ഇത്തരം നടപടികള്‍ ജനം ചോദ്യം ചെയ്യണമെന്നും കെ.എം.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ വ്യക്തമാക്കി.
കേന്ദ്രനടപടി പ്രതിഷേധാര്‍ഹം -കെ.എം.എഫ്
ഡല്‍ഹി കലാപം റിപ്പോര്‍ട്ടു ചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയവണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബഹ്റൈനിലെ കേരള മീഡിയ ഫോറം (കെ.എം.എഫ്) അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാണ്. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് അംഗീകരിക്കാനാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം. സംപ്രേഷണം നിര്‍ത്തിവെപ്പിച്ച നടപടിക്കെതിരെ പ്രതിഷേധമുയരണമെന്നും കെ.എം.എഫ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് അതീവ ഗുരുതരം -നാനാത്വത്തില്‍ ഏകത്വം കൂട്ടായ്മ
നേരിനെ ഭയക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിക്കുന്നതായി നാനാത്വത്തില്‍ ഏകത്വം കൂട്ടായ്മ. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. പക്ഷേ, അടുത്തിടെയായി ഇന്ത്യയിലെങ്ങും ഈ പ്രവണത അപകടകരമാകും വിധം കൂടിവരുകയാണ്. വിമര്‍ശനമോ ആക്ഷേപമോ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വരുതിയിലാക്കാനുള്ള നടപടികള്‍ പുതിയതല്ല. പക്ഷേ മാധ്യമങ്ങളോട് കലാപത്തിന്റെ ഇരകള്‍ പറഞ്ഞകാര്യം പ്രേക്ഷകരെ കാണിച്ചതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് അതീവ ഗുരുതരമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് റദ്ദ് ചെയ്യുന്നതെന്നും കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.
ഭീഷണിപ്പെടുത്താനുള്ള നീക്കം അപലപനീയം -സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഫാഷിസ്റ്റ് തന്ത്രം അപലപനീയമാണെന്നും ഇതിനെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കൈയേറ്റമാണ്. സംഘ്പരിവാറിന്റെ അക്രമങ്ങളെ തുറന്നുകാണിച്ചതിന്റെ പേരില്‍ രണ്ട് മാധ്യമങ്ങളെ വിലക്കിയത്
മുഴുവന്‍ ജനങ്ങളുടെയും അറിയാനുള്ള അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും വാര്‍ത്തമാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന ഈ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അസോസിയേഷന് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം -ഐ.വൈ.സി.സി
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ വിലക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി അപലപനീയമെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാധ്യമ ധര്‍മ്മത്തിനെതിരായ വെല്ലുവിളിയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുക എന്ന ശൈലിയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷത്തെ നിശ്ചലമാക്കുന്നതിന്റെ ഭാഗമായി ഏഴ് പാര്‍ലമെന്റ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഇപ്പോള്‍ മാധ്യമങ്ങളെ നിശ്ചലമാക്കുന്നു. ഇതെല്ലാം ഇന്ത്യയുടെ കെട്ടുറപ്പിനെയും മതേതരമൂല്യങ്ങളെയും തകര്‍ക്കും എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
അപ്രഖ്യാപിത അടിയന്തരാവസ്ഥ -ഐ.എം.സി.സി
ഏഷ്യാനെറ്റ്, മീഡിയവണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്ന് ഐ.എം.സി.സി ബഹ്റൈന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജലീല്‍ ഹാജി വെളിയംകോട്, ജനറല്‍ സെക്രടറി പുളിക്കല്‍ മൊയ്തീന് കുട്ടി, ട്രഷറര്‍ പി.വി. സിറാജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെടുമ്പോള്‍ പാവങ്ങളുടെ തൊണ്ടയിലെ അവസാനത്തെ ദീനരോദനംപോലും പുറംലോകം അറിയരുതെന്ന ഫാഷിസ്റ്റ് നയമാണ് കേന്ദ്രഭരണകൂടം നടപ്പാക്കുന്നത്. സത്യസന്ധമായി വാര്‍ത്തകള്‍ അറിയിച്ച മാധ്യമങ്ങള്‍ക്ക് ജനാധിപത്യ പൊതു സമൂഹത്തിെന്റ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മാധ്യമങ്ങളുടെ നാവടക്കാനുള്ള ശ്രമം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും -ഫ്രന്‍ഡ്സ്
മാധ്യമങ്ങളുടെ നാവരിയാനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന് അഭിപ്രായപ്പെട്ടു. ഡല്‍ഹി കലാപം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കെതിരെ 48 മണിക്കൂര്‍ സംപ്രേക്ഷണ നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അത്യന്തം അപകടകരമായ സൂചനയാണ് നല്‍കുന്നത്.
ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുകയും സര്‍ക്കാര്‍ സ്പോണ്‍സേഡ് വാര്‍ത്തകള്‍ മാത്രം നല്കുന്ന ഏജന്‍സികളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യാനുള്ള ശ്രമം ഫാഷിസത്തിെന്റ വൃത്തിഹീനമായ അടവുകളിലൊന്നാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടസ്സപ്പെടുത്തി സത്യത്തിന്റെ വായ് മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ എര്‍ത്ത് തോല്പിക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നും ഫ്രന്‍ഡ്സ് അസോസിയേഷന് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഹിഡന്‍ അജണ്ട -ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നതിനെതിരെ നിലകൊള്ളുന്നവരെ പിഴുതുമാറ്റുന്നതിന്റെ മുന്നോടിയായിട്ടുള്ള ചില സൂചനകളാണ് മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകള്ക്കെതിതായ നടപടിയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി കുറ്റപ്പെടുത്തി. മറ്റു മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഹിഡന്‍ അജണ്ടയും ഇതിലുണ്ട്. വരുംകാലങ്ങളില്‍ ഭാരതത്തിലെ ജനാധിപത്യ, മതേതര വിഭാഗത്തിന് കടുത്ത ഭീഷണിയാണ് നേരിടേണ്ടി വരുകയെന്നും അദ്ദേഹം പറഞ്ഞു.
അപലപനീയം -ബഹ്റൈന്‍ പ്രതിഭ
മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബഹ്റൈന്‍ പ്രതിഭ അഭിപ്രായപ്പെട്ടു. ജനാധിപത്യ വിരുദ്ധമായ നടപടിയെ അപലപിക്കുന്നതായി ബഹ്റൈന്‍ പ്രതിഭ പ്രസിഡന്റ് കെ.എം. സതീഷ്, സെക്രട്ടറി ലിവിന് കുമാര്‍ എന്നിവര്‍ പറഞ്ഞു.