കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും വീണ്ടും ജനവിധി തേടാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച് നടന്‍ മുകേഷ്. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ്. കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്.
മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി വച്ചാണ് എംഎല്‍എ എന്ന നിലയില്‍ കൊല്ലത്ത് മുകേഷ് സജീവമാകുന്നത്. തെരഞ്ഞെടുപ്പ് വിളിപ്പുറത്ത് എത്തി നില്‍ക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുളള പുതുവര്‍ഷ കലണ്ടറും എംഎല്‍എ പുറത്തിറക്കി.
സിനിമ തിരക്കുകള്‍ മാറ്റിവെച്ച് മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തുടര്‍ച്ചയുണ്ടാകണമെന്നും ആഗ്രഹിക്കുന്നതായും സി.പി.എം നേതാക്കളുടെ മുന്നില്‍ വെച്ച് മുകേഷ് വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എം.എല്‍.എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ച സി.പി.എം നേതാക്കള്‍ സാക്ഷ്യപ്പെടുത്തി.