റാന്നി : കോൺക്രീറ്റ് നിര്‍മ്മാണം റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് ചെയ്യാൻ പാടില്ലെന്നാവശ്യപ്പെട്ടുകൊണ്ട് സി.ഐ.റ്റി.യു , ഐ.എന്‍.റ്റി.യു.സി തൊഴിലാളി യൂണിയനുകള്‍ നിര്‍മ്മാണം തടഞ്ഞ് കൊടികുത്തി. അത്തിക്കയത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സൈറ്റിലാണ് ഇരു യൂണിയനുകളും കൊടി കുത്തിയത്. ഇതോടെ ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
യന്ത്ര സഹായത്തോടെയുള്ള നിര്‍മ്മാണം ഉപേക്ഷിച്ച് യൂണിയനില്‍പ്പെട്ട തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിക്കണമെന്നും അതിനു സമ്മതമല്ലെങ്കില്‍ ഒരു നിശ്ചിതതുക നോക്കുകൂലിയായി നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടതായി കരാറുകാരുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു. അത്തിക്കയം, വലിയകുളം, ചൂരക്കുഴി ഭാഗങ്ങളിലും സമാന പ്രശ്നങ്ങൾ ഉണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില അനുദിനം കുതിച്ചുകയറുകയാണ്. നേരത്തെ നിര്‍മ്മാണ കരാര്‍ എടുത്ത കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ കരാറുകാര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ ഗുണനിലവാരം പാലിച്ചില്ലെങ്കില്‍ ബലക്ഷയത്തിനു കാരണമാകും. ആധുനിക പ്ലാന്റില്‍ മിക്സ് ചെയ്ത് എടുക്കുന്ന റെഡി മിക്സ് കോണ്‍ക്രീറ്റ് ഉപയോഗിക്കുവാന്‍ പ്രധാനകാരണം ഗുണനിലവാരമാണ്.
ഉപഭോക്താക്കളുടെ താല്‍പ്പര്യംകൂടി കണക്കിലെടുത്താണ് അധികവില നല്‍കി റെഡിമിക്സ് വാങ്ങുന്നത്. ഇത് പാടില്ലെന്നും തൊഴിലാളികളെ ഉപയോഗിച്ചുമാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നുപറയുന്നതില്‍ കഴമ്പില്ല. കാര്‍ഷിക രംഗത്ത് ഉള്‍പ്പെടെ ഇന്ന് സമസ്തമേഖലകളിലും യന്ത്രവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. അവിടെയൊന്നും ഇല്ലാത്ത നടപടികള്‍ നിര്‍മ്മാണമേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. യൂണിയൻകാരുടെ നിര്‍ബന്ധ ബുദ്ധിയും പിന്തിരിപ്പൻ നയവും കാരണം കേരളത്തിൽ വ്യവസായങ്ങൾക്ക് വളരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
നിര്‍മ്മാണ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കൊടികൾ നീക്കം ചെയ്ത് സ്വൈര്യമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും തയ്യാറാകണമെന്ന് അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പത്തനംതിട്ട ജില്ല പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സാഗർ ഷറീഫ്, ട്രഷറാർ വിപിൻ തോമസ് എന്നിവർ ആവശ്യപ്പെട്ടു.