കോന്നി : റോഡ് വിശാലമാക്കുവാന്‍വേണ്ടി പള്ളി മതിലും പൊളിച്ചു വസ്തുവും നല്‍കി അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക. നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന 300 അടി നീളത്തിൽ ഉള്ള ഭാഗം ആറ് മീറ്റർ വീതിയിൽ പുനർനിർമ്മിക്കാൻ ഇടവക വികാരിയും പള്ളി ഭാരവാഹികളും കൂട്ടായ തീരുമാനമെടുക്കുകയായിരുന്നു. വിശ്വാസികള്‍ ഒന്നടങ്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
കിഴക്കുപുറം – ചെങ്ങറ റോഡുകളെ ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയിലെ അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയുടെ ഭാഗം വീതി കൂട്ടുന്നതിനാണ് പള്ളി സ്ഥലം സ്വമേധയാ വിട്ടുനല്കിയത്. ഏകദേശം ഒരു കിലോമീറ്ററില്‍ താഴെയുള്ള ഈ റോഡ് പൊതുവേ വീതി കുറഞ്ഞതാണ്. എന്നാല്‍ ദിവസേന നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. റോഡിന് വീതി കുറവായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്രയും ദുഷ്ക്കരവുമാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് പള്ളിയുടെ ഭാഗം മതില്‍ പൊളിച്ച് റോഡിന് വീതി കൂട്ടുന്നത്. ഇതിന്റെ പണികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.