27.5 C
Pathanāmthitta
Thursday, June 16, 2022 7:38 pm

വിമാനത്തില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇപിയും മുഖ്യന്റെ പിഎയും സംഘവും പൈലറ്റ് ദൃക്‌സാക്ഷി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ കരിങ്കൊടിയുമായി രണ്ട് യാത്രക്കാര്‍ മുദ്രാവാക്യം വിളിച്ചത് വിമാനത്തിന്റെ പൈലറ്റ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചില്ല. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ഉണ്ടായ പ്രതിഷേധം പൈലറ്റ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ യാത്രക്കാര്‍ പുറത്തേക്കിറങ്ങും വഴി നിസാരമായ മുദ്രാവാക്യം വിളിച്ചത് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു പൈലറ്റിന്റെ നിലപാട്. മുദ്രാവാക്യമല്ല, അതിനു പിന്നാലെ മുദ്രാവാക്യം വിളിച്ച യാത്രക്കാരെ അതിക്രൂരമായി വിമാനത്തിനുള്ളില്‍ തല്ലിച്ചതച്ചതാണ് ഗുരുതര കുറ്റകൃത്യമെന്ന് പൈലറ്റ് നിലപാടെടുത്തു. ഇതോടെ കുഴങ്ങിപ്പോയ പോലീസ്, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെയും പി.എ സുനീഷിന്റെയും മൊഴി രേഖപ്പെടുത്തി അതുപ്രകാരമാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരെ പൈലറ്റിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ.എസ്.എഫ് വിമാനത്തിനുള്ളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയെന്നാണ് ശംഖുമുഖം അസി.കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോലീസ് പറഞ്ഞത് കളവാണെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തി. വിമാനത്തിനുള്ളില്‍ നടന്ന സംഭവങ്ങളൊന്നും പൈലറ്റ് എ.ടി.സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സി.ഐ.എസ്.എഫ് അല്ല യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞുവച്ചതെന്നും അവര്‍ അറിയിച്ചു. വിമാനത്തിനുള്ളില്‍ മര്‍ദ്ദനമേറ്റ് അവശ നിലയിലായിരുന്ന രണ്ട് പ്രവര്‍ത്തകരെ യാത്രക്കാരെയെല്ലാം ഇറക്കിയ ശേഷം വിമാന ജീവനക്കാരുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. റണ്‍വേയ്ക്ക് അരികില്‍ തളര്‍ന്നിരുന്നു പോയ ഇവരെ വിമാനത്താവളത്തിലെ ഡോക്ടറെത്തി പരിശോധിച്ചു.

കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകനാണ് ഏറ്റവുമധികം മര്‍ദ്ദനമേറ്റത്. അയാളുടെ കണ്ണ് ഇടികൊണ്ട് ചതഞ്ഞു. ഇരുവര്‍ക്കും നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. വിമാനത്തിന്റെ സീറ്റിന് താഴേക്കിട്ട് ഇരുവരെയും ചവിട്ടിക്കൂട്ടുകയായിരുന്നെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പി.എയുമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ചില വിമാനത്താവള ജീവനക്കാര്‍ക്കും മര്‍ദ്ദനത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്. സംഭവത്തെക്കുറിച്ച്‌ ഇന്‍ഡിഗോ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെയെല്ലാം മൊഴിയെടുത്ത ശേഷമാവും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇന്‍ഡിഗോ പുറത്തുവിടുക. പ്രതിഷേധക്കാരെ ഇ.പി ജയരാജന്‍ പിടിച്ചുതള്ളിയതിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ മൊഴിയെടുക്കുമ്പോള്‍ മര്‍ദ്ദിച്ചവരുടെ വിവരങ്ങള്‍ അറിയാനായാല്‍ വിമാനത്തിനുള്ളിലെ വധശ്രമക്കേസിന് ആന്റി ക്ലൈമാക്‌സുണ്ടാവും.

യൂത്ത് കോണ്‍ഗ്രസുകാരെ ഉടനടി ആശുപത്രിയിലെത്തിക്കണമെന്ന് വിമാനത്താവളത്തിലെ ഡോക്ടര്‍ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചിരുന്നതാണ്. എന്നിട്ടും മദ്യപിച്ചോയെന്നറിയാന്‍ വൈദ്യ പരിശോധന നടത്തിയതുമില്ല. വിമാനത്താവളത്തിന് പുറത്ത് തമ്പടിച്ച സിപിഎമ്മുകാരുടെ പ്രതിഷേധം ഭയന്ന് കനത്ത പോലീസ് കാവലിലാണ് പ്രതികളെ ആശുപത്രിയിലേക്ക് മാറ്റാനായത്. ഇന്നലെ ഉച്ചയ്ക്ക് 3.50ന് കണ്ണൂരില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ 6ഋ 7404 വിമാനം 5.10ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തയുടനെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് ഈ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ പൊതുസുരക്ഷാ വ്യവസ്ഥകളിലെ റൂള്‍ 29 പ്രകാരം പൈലറ്റിന്റെയോ ജീവനക്കാരുടെയോ ജോലിക്ക് തടസമുണ്ടാക്കുന്ന വിധത്തിലോ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലോ യാത്രക്കാര്‍ പെരുമാറാന്‍ പാടില്ല. രണ്ടുവര്‍ഷം വരെ തടവുശിക്ഷയോ പത്തു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇത് രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്. ഇത്തരം സംഭവങ്ങള്‍ വിമാനക്കമ്ബനി സിവില്‍ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

വിമാനക്കമ്പനി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അതും കുറ്റകൃത്യമാണ്. ആറുമാസം വരെ തടവിനോ രണ്ടു ലക്ഷം രൂപ പിഴയ്‌ക്കോ കമ്പനി അധികൃതരെ ശിക്ഷിക്കാനാവും. അതിനാല്‍ ആഭ്യന്തര അന്വേഷണം കഴിഞ്ഞാലുടന്‍ വിമാനത്തിനുള്ളില്‍ നടന്നതെന്താണെന്ന് ഇന്‍ഡിഗോ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതോടെ പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിലിട്ട് ചവിട്ടിക്കൂട്ടിയവര്‍ക്കെതിരേ വധശ്രമത്തിനടക്കം കേസ് വരുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular