ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഡൽഹി മെഹ്‍റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അക്രമത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി വീണ്ടും അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി എംഎല്‍എയുടെ നേര്‍ക്ക് വധശ്രമമുണ്ടായിരിക്കുന്നത്.
നാല് റൗണ്ട് വെടിവെപ്പാണ് ഉണ്ടായതെന്ന് എംഎല്‍എ നരേഷ് യാദവ് എന്‍ഐയോട് പ്രതികരിച്ചു. ഈ സംഭവം നിര്‍ഭാഗ്യകരമാണ്. എല്ലാ പെട്ടെന്ന് സംഭവിക്കുകയായിരുന്നു. അതിന് പിന്നിലെ കാരണം എന്തെന്ന് അറിയില്ല. വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടാവുകയായിരുന്നു. പോലീസ് കൃത്യമായി അന്വേഷണം നടത്തുമെന്നും അക്രമികളെ പിടികൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു . അതേസമയം രണ്ട് ഗ്യാംഗുകള്‍ തമ്മിലുള്ള പ്രശ്നമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമികമായി പോലീസ് പുറത്ത് വിടുന്ന വിവരം.