തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ.പി ജയരാജന്‍ ഉറപ്പിച്ച് പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകും. സിപിഐക്ക് കോണ്‍ഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല. ഇ.പി.ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം പറഞ്ഞു.
പോലീസ് സമര്‍ത്ഥരാണ് അവര്‍ ഇത് അന്വേഷിച്ച് കണ്ടെത്തും. അന്വേഷണം നടത്തിയിട്ടാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. സുരക്ഷ ഒരുക്കുന്നത് മനുഷ്യരല്ലേ, അതില്‍ വീഴ്ചകളുണ്ടാകുമെന്നും കാനം പറഞ്ഞു. എകെജി സെന്ററിനെതിരെ ആക്രമണം നടത്തിയവര്‍ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. സുധാകരനും അനുചരന്മാരും ഗുണ്ടാ സംഘങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നു.
സംഭവം ഇ.പി.ജയരാജന്‍ ആസൂത്രണം ചെയ്തത് എന്ന കെ.സുധാകരന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല. അപാരമായ തൊലിക്കട്ടിയുള്ളയാളാണ് സുധാകരന്‍ എന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിലെ സുധാകരന്റെ നിലപാട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.