റാന്നി : ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന മടത്തുംചാല്‍-മുക്കൂട്ടുതറ റോഡില്‍ കൈയ്യേറ്റമെന്നാരോപണം. വെച്ചൂച്ചിറ കൂത്താട്ടുകുളത്തിനു സമീപമാണ് സ്വകാര്യ വ്യക്തി റോഡു പുറമ്പോക്ക് കൈയ്യേറി പാര്‍ശ്വഭിത്തി നിര്‍മ്മിച്ചതായി ആരോപിക്കുന്നത്. നിലവില്‍ ജനകീയ പങ്കാളിത്തത്തോടെ വെച്ചൂച്ചിറ മുതല്‍ മുക്കൂട്ടുതറ വരെ വീതി വര്‍ദ്ധിപ്പിച്ചിരുന്നു.
കുടിവെള്ള വിതരണ പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാന്‍ വൈകിയതു മൂലം റോഡു നിര്‍മ്മാണം ഏതാണ്ടു നിലച്ച അവസ്ഥയിലാണ്. നാളുകളായി നിര്‍മ്മാണങ്ങളൊന്നും നടക്കാതായതോടെ വീതി വര്‍ദ്ധിപ്പിച്ച പല സ്ഥലങ്ങളും വ്യക്തികള്‍ കൈയ്യേറി തുടങ്ങി.
ഇത്തരത്തില്‍ വീതി വര്‍ദ്ധിപ്പിച്ച മന്ദമരുതി ചേത്തയ്ക്കല്‍ മേഖലകളില്‍ സംഘര്‍ഷമുണ്ടാവുകയും കേസാവുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഒരുത്തരവിന്‍റെ പിന്നാലെ ഇടിച്ചു കളഞ്ഞ മതിലുകളും കൈയ്യാലകളും പ്രദേശവാസികള്‍ പുനനിര്‍മ്മിരുന്നു.
നിലവില്‍ റോഡിന്‍റെ ഒന്നാംഘട്ട ടാറിംങ് പൂര്‍ത്തീകരിച്ചെങ്കിലും വീതി പല സ്ഥലങ്ങളിലും ഇല്ല. കൂത്താട്ടുകുളത്തും റോഡില്‍ നിന്നും മൂന്നടിമാത്രം അകലമിട്ട് കൈയ്യേറിയെന്നാണ് പരാതി. പൊതുമരാമത്ത് വകുപ്പിലും പഞ്ചായത്ത് അധികൃതരേയും നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പറയുന്നു.