പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലക്കേസുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ പശ്ചിമബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ നാട്ടുകാരെന്നാണ് വിവരം. ഇരുവരും പശ്ചിമബംഗാളിലെ അലിപൂർദ്വാർ എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം യുവതി തന്റെ ഭാര്യയല്ലെന്നും കൊല്ലപ്പെട്ടത് തന്റെ കുഞ്ഞല്ലെന്നും ഇന്നലെ തന്നെ പ്രതി പോലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ എന്തിനാണ് പ്രതി ഇരുവരെയും കൊലപ്പെടുത്തിയത് എന്നത് ഇപ്പോഴും അജ്ഞാതമാണ്. ബംഗാളിൽ നിന്നും അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചത്. പ്രൊണിത രാജ് എന്ന മുപ്പതുകാരിയായ യുവതിയെയും അവരുടെ നാല് വയസുള്ള കുഞ്ഞിനേയുമാണ് പ്രോവത് ദാസ് കൊലപ്പെടുത്തിയത്. ശേഷം ഇവരുടെ മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് എറിയുകയായിരുന്നു.































