അട്ടപ്പാടി: മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചു. “ജഡ്ജിയുടെ ഫോട്ടോ ചേര്‍ത്ത് വ്യാജ വാർത്തകൾ പ്രചരിക്കുമെന്നായിരുന്നു ഭീഷണി”. മേല്‍ക്കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ പരാതിയിൽ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
വിധിയില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പ്രതികരിച്ചു.നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലി പറഞ്ഞു. അന്നും ഇന്നും ദൈവത്തെ വിശ്വസിക്കുന്നുവെന്നും മധുവിന്റെ അമ്മ . സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുമ്ബോള്‍ നെഞ്ചില്‍ തീയായിരുന്നുവെന്നും മല്ലി പറഞ്ഞു. ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസുവും പ്രതികരിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോദ്ധ്യപ്പെടുത്താനായി. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിച്ചു. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതിന് പിന്നിലുള്ള കാരണം കോടതിയെ ബോദ്ധ്യപ്പെടുത്താനായെന്നും രാജേഷ് എം മേനോന്‍ പ്രതികരിച്ചു.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഒന്നാം പ്രതി ഹുസൈന്‍, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.































