തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. തലയോലപ്പറമ്പ് ആശുപത്രി കവല ഭാഗത്ത് അമ്പലത്തില്‍ സ്റ്റെഫിന് (19), വടയാര്‍ മാര്‍സ്ലീവാ സ്കൂള്‍ ഭാഗത്ത് കൊല്ലാറയില്‍ കൃഷ്ണദാസ് (19), ചെമ്പ് ബ്രഹ്മമംഗലം പ്ലാപ്പള്ളില്‍ അഭയ് പ്രസാദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇവര്‍ മൂവരും ചേര്‍ന്ന് മറവന്തുരുത്ത് സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ സംഘം ചേര്‍ന്ന് മറവന്തുരുത്ത് അപ്പക്കോട് ഭാഗത്ത് വച്ച് യുവാവിനെ മര്‍ദ്ദിക്കുകയും കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന്, ചികിത്സയ്ക്കായി വൈക്കം ഗവ. ആശുപത്രിയില്‍ എത്തിയ യുവാവിനെ അവിടെ വച്ച് യുവാക്കളുടെ ബന്ധു കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മറവന്തുരുത്ത് സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ ബൈക്ക് പ്രതികളുടെ കൂട്ടുകാരന്റെ ബൈക്കുമായി ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ യുവാക്കള്‍ അസഭ്യം പറഞ്ഞതിന് മറവന്തുരുത്ത് സ്വദേശിയായ യുവാവ് പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.





























