കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം. നിന്റെ വാപ്പ എവിടെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ചില യുവാക്കൾ പ്രതിക്ക് നേരേ പാഞ്ഞടുത്തത്. ഇതിനിടെ പ്രതിക്ക് മുഖത്ത് അടിയേൽക്കുകയുംചെയ്തു. പോലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. നേരത്തേ വാഹനാപകടത്തിന് തൊട്ടുപിന്നാലെ ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് സുഹൈൽ സജീവ് നാട്ടുകാരോട് തട്ടിക്കയറിയിരുന്നു.
സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം. അപകടസ്ഥലത്ത് ഓടിക്കൂടിയവരോട് തട്ടിക്കയറിയ മിനികൂപ്പര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. അമിത വേഗം പതിവാക്കിയ പ്രതി 215 കിലോമീറ്റര്‍ വേഗതിയില്‍ കാറോടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.




























