തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമാകും ഉണ്ടാകുക. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കാന്‍ മുമ്പ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ക്ഷേത്ര കോമ്പൌണ്ടില്‍ നിശ്ചിത അകലം പാലിച്ച് പൊങ്കാല നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാനാണ് ആദ്യം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. എന്നാല്‍ ഇന്ന് ചേര്‍ന്ന ക്ഷേത്ര ട്രസ്റ്റ് യോഗം പൊങ്കാല ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.