അടൂർ : ശബ്ദരേഖാ വിവാദത്തിൽ കൗൺസിലർക്കെതിരേ സിപിഎം നടപടി. അടൂർ നഗരസഭാ കൗൺസിലർ റോണി പാണംതുണ്ടിലിനെ പരസ്യമായി താക്കീതുചെയ്യാൻ സിപിഎം അടൂർ ഏരിയാ കമ്മിറ്റി തീരുമാനിച്ചു. റിപ്പോർട്ട് കീഴ്ഘടകങ്ങൾക്ക് കൈമാറിയതായി അടൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ്.മനോജ് പറഞ്ഞു. സിപിഎം അംഗംതന്നെയായ നഗരസഭാ അധ്യക്ഷ ദിവ്യാ റെജി മുഹമ്മദിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തരത്തിൽ റോണി പറയുന്ന ശബ്ദരേഖയാണ് കുറച്ചുനാൾ മുൻപ് സാമൂഹിക മാധ്യമങ്ങളിൽകൂടി പുറത്തായത്. സിപിഎം ഏരിയാ കമ്മിറ്റി യോഗങ്ങളിൽ റോണിക്കെതിരേ രൂക്ഷ വിമർശനവും ഉയർന്നു.
തുടർന്ന് നഗരസഭാ അധ്യക്ഷ ഇദ്ദേഹത്തിനെതിരേ വക്കീൽ നോട്ടീസ് അയച്ചു. ശബ്ദരേഖ സംബന്ധിച്ച ആരോപണം പിൻവലിച്ച് പത്രമാധ്യമങ്ങൾ വഴിയും പരസ്യമായും മാപ്പുപറയണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്. അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികളുമായി മുൻപോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. വിവാദം കനത്തതോടെ റോണി പത്രസമ്മേളനം വിളിച്ച് നഗരത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ പറയുകമാത്രമാണ് താൻചെയ്തതെന്ന് വിശദീകരിച്ചു. അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം രാപകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന തട്ടുകടയെ ചുറ്റിപ്പറ്റിയായിരുന്നു ശബ്ദരേഖ.