ഗെയിം കളിക്കാനായി കുട്ടികൾ മണിക്കൂറുകൾ ചെലവഴിക്കുന്ന ഓൺലൈൻ ലോകം അത്ര സുരക്ഷിതമല്ലേ? കളിക്കിടെ പരിചയപ്പെടുന്ന അപരിചിതർ, സ്വകാര്യ ചാറ്റുകൾ, ഹാനികരമായ ഉള്ളടക്കങ്ങൾ തുടങ്ങി കുട്ടികളെ അപകടത്തിലാക്കാൻ സാധ്യതയുള്ള നിരവധി വഴികൾ ഇപ്പോഴും തുറന്നുകിടക്കുന്നതായി ഓസ്‌ട്രേലിയൻ ഓൺലൈൻ സേഫ്റ്റി റെഗുലേറ്ററായ ഇ-സേഫ്റ്റി കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. റൊബ്ലോക്‌സ് (Roblox), സ്റ്റീം (Steam), ഫോർട്ട്‌നൈറ്റ് (Fortnite), മൈൻക്രാഫ്റ്റ് (Minecraft) തുടങ്ങിയ ജനപ്രിയ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങൾ ദുർബലമാണെന്നാണ് കമ്മീഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഓസ്‌ട്രേലിയയിൽ 8 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പത്തിൽ ഒൻപത് പേരും ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങൾ, ലൈംഗിക ചൂഷണം, അശ്ലീല ഉള്ളടക്കങ്ങൾ, തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങൾ തുടങ്ങിയ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിന് ശക്തമായ സംവിധാനങ്ങൾ അനിവാര്യമാണെന്ന് ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ മുതിർന്നവർ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ ഇടങ്ങൾ ഉപയോഗപ്പെടുത്തി മുതിർന്നവർ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇത്തരം ബന്ധങ്ങൾ ലൈംഗിക ചൂഷണത്തിലേക്കോ തീവ്രവാദ പ്രവർത്തനങ്ങളിലേക്കോ എത്താനുള്ള സാധ്യതയുണ്ടെന്നും കമ്മീഷൻ പറയുന്നു.
റിപ്പോർട്ടിൽ ഏറ്റവും ഗുരുതരമായി ചൂണ്ടിക്കാണിക്കുന്ന സ്ഥാപനങ്ങളിലൊന്ന് വാൽവാണ്. സ്റ്റീം, സ്റ്റീം ചാറ്റ് എന്നിവയുടെ ഉടമസ്ഥരായ യു.എസ്. കമ്പനിയായ വാൽവ് ഹാനികരമായ ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ വ്യവസായത്തിൽ നിലവിലുള്ള ചില സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് ടെക്‌സ്റ്റ് ചാറ്റുകളിലൂടെ നടക്കുന്ന അപകടകരമായ ആശയവിനിമയങ്ങൾ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.































