മുണ്ടക്കയം : ഉളികൊണ്ട് മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുവന്താനം മരുതുംമൂട് ആലപ്പാട്ട് ജോസഫ്-ഓമന ദമ്പതികളുടെ മകന് ലിന്‍സനാണ് (34) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെ മരുതുംമൂട് ജങ്ഷനിലെ തടി വര്‍ക്ക്ഷോപ്പിലായിരുന്നു സംഭവം. ദേശീയപാതയോരത്തെ സുഹൃത്ത് അജോയുടെ വര്‍ക്ക്ഷോപ്പില്‍ ഇരുവരും ചേര്‍ന്ന് മദ്യപിച്ചതായും ബഹളംവെച്ചതായും പറയുന്നു.
ഇതിനിടെ ലിന്‍സന്റെ വയര്‍ഭാഗത്ത് മുറിവേല്‍ക്കുകയും അജോ ഓട്ടോയില്‍ സമീപത്തെ എം.എം.ടി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു. രാത്രി 10.30 ഓടെ മരിച്ചു. വര്‍ക്ക്ഷോപ്പില്‍ സംസാരിച്ചിരിക്കുന്നതിനിെട ലിന്സണ് ഉളിയുടെ മുകളിലേക്ക് വീഴുകയായിരുന്നെന്നാണ് സുഹൃത്ത് പോലീസിനോട് പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ഇന്‍സ്പെക്ടര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരുകയാണ്. കുറ്റം സമ്മതിച്ചതായാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് നല്കി. ഭാര്യ : നീതു. മക്കള്‍ : ലിയാന്സ, ലിന്‍സ, ലിന്റ.