കോട്ടയം : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച വയോധികന്‍ ചികിത്സയിരിക്കെ മരണമടഞ്ഞു.ആയാംകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍ (69) ആണ് മരിച്ചത്. സെപ്തംബര്‍ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ രത്‌നമ്മ മരിച്ചിരുന്നു. വിഷം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അതിനിടെ ആണ് ഇന്നലെ രാത്രി ചന്ദ്രനും മരിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ആണ് ചന്ദ്രന്‍ ഭാര്യ രത്നമ്മയെ വീടിനുള്ളില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്. റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് മരിച്ച ചന്ദ്രന്‍. ആയാംകുടി നാല് സെന്റ് കോളനിയില്‍ ലില്ലി പടിക്കല്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഇതേ മുറിയില്‍ വെച്ച് തന്നെ ചന്ദ്രന്‍ വിഷം കഴിച്ചു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു.
അന്ന് രാവിലെ മുതല്‍ തന്നെ വീട്ടില്‍ ചന്ദ്രനും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകള്‍ അരുണിമ ഈ വിഷയത്തില്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു. ഉച്ചയ്ക്ക് മുന്‍പായിരുന്നു ഈ തര്‍ക്കങ്ങള്‍ മുഴുവന്‍ ഉണ്ടായത്. അതിനുശേഷം പ്രശ്നങ്ങള്‍ അവസാനിച്ചതായിയിരുന്നു എന്നും അരുണിമ വ്യക്തമാക്കി.
അരുണിമ വീട്ടില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രത്നമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് അരുണിമയും സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ഓടി എത്തുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂര്‍ണമായും അടച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനല്‍ പുറത്തുനിന്ന് കുത്തിപ്പൊട്ടിച്ച അപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘംചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രത്നമ്മ മരിച്ചിരുന്നു.
നാല് കുത്തുകള്‍ ആണ് രത്നമ്മ യുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചാണ് രത്നമ്മയെ പരിശോധിച്ചത്. പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ചന്ദ്രന്‍ രത്നമ്മയെ കുത്താന്‍ ഉപയോഗിച്ച കത്തിയും അന്ന് വീടിനുള്ളില്‍ നിന്ന് തന്നെ പോലീസ് കണ്ടെടുത്തിരുന്നു. വിഷം സൂക്ഷിച്ചിരുന്ന കുപ്പിയും പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ഞെട്ടലാണ് ആയാംകുടി നിവാസികള്‍. പലതവണ വഴക്കുണ്ടാക്കും എങ്കിലും ഇങ്ങനെ ഒരു കൊലപാതകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചന്ദ്രന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. അമ്പിളി, അനീഷ്, അരുണിമ. മരുമക്കള്‍ പരേതനായ രഞ്ജിത്ത്, ലക്ഷ്മി, പരേതനായ വിപിന്‍.