ആലപ്പുഴ : മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യ മഹോത്സവം നവംബർ 4,5,6 തീയതികളിൽ. മുഖ്യപുരോഹിതയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ സമാധിയെ തുടർന്ന് ഈ വർഷം കലാ – സാംസ്‌കാരിക പരിപാടികൾ ഉണ്ടാകില്ല. ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയിൽ അമ്മ നടത്താറുള്ള വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല. ക്ഷേത്ര ശ്രീകോവിലിനുള്ളിലാകും ഇത്തവണ പൂജകൾ നടക്കുക. തുലാമാസതതിലെ പുണർതം നാളിലാണ് പൂജകൾ പൂർത്തിയാകുക. പ്രധാന ശ്രീകോവിലുകളിൽ നാഗരാജാവിനും സർപ്പയക്ഷിയ്‌ക്കും മുൻ വർഷങ്ങളിലെ പതിവിൻ പ്രകാരം നടക്കുന്ന മുഴുക്കാപ്പ് നവംബർ ഒന്നിന് ആരംഭിക്കും.
തിരുവാതിര നാളിൽ നാഗരാജാവിന് ഏകാദശ രുദ്രാഭിഷേകം നടക്കും. ഇതിന് ശേഷം ഇല്ലത്തെ നിലവറയ്‌ക്ക് സമീപം സർപ്പംപാട്ട് തറയിലെ മണ്ഡപത്തിൽ രാവിലെ 6.30-നും 10-നും മദ്ധ്യേ രുദ്രമൂർത്തിയായ മഹാദേവന് രുദ്ര ഏകാദശ കലശാഭിഷേകം നടക്കും. നവംബർ നാലിന് മുഴുക്കാപ്പ് പൂർത്തിയാകും. പുണർതം നക്ഷത്രത്തിലെ സന്ധ്യയ്‌ക്ക് നടക്കുന്ന മഹാദീപക്കാഴ്ചയോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. നവംബർ അഞ്ചിനാണ് പ്രസിദ്ധമായ പൂയം തൊഴൽ. നവംബർ ആറിനാണ് മണ്ണാറശാല ആയില്യം. അന്നേദിവസം രാവിലെ 9.30-ന് ശേഷം മണ്ണാറശാല അമ്മ സാവിത്രി അന്തർജ്ജനം ഭക്തർക്ക് ദർശനം നൽകും.