തിരുവല്ല : വൈക്കം മുറിഞ്ഞുപുഴ പാലത്തിൽനിന്നു മൂവാറ്റുപുഴ ആറ്റിൽചാടി മരിച്ച അമൃത(21)യുടെയും ആര്യ(21)യുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. അമൃതയും ആര്യയും ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ 13-ന് രാവിലെ 10-ന് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്നും പറഞ്ഞാണ് ഇരുവരും വീട്ടിൽനിന്നു ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.
വൈകുന്നേരത്തോടെ ഇരുവരും വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം വേമ്പനാട്ട് കായലിൽനിന്ന് കണ്ടെത്തുന്നത്. ഇവർ എങ്ങനെ കൊല്ലത്തുനിന്നു വൈക്കം മുറിഞ്ഞുപുഴയിൽ എത്തി എന്നത് വ്യക്തമല്ല. ഇരുവർക്കും വൈക്കവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും വ്യക്തമല്ല. ഇവരുടെ ഫോൺ തിരുവല്ലയിൽ എത്തിയപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് എം.സി.റോഡിലൂടെ കെ.എസ്.ആർ.ടി.സി. ബസിന് വന്നതാകാമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വൈക്കം എസ്.എച്ച്.ഒ. എസ്.പ്രദീപ് പറഞ്ഞു.
കൊല്ലത്ത് നിന്ന് ശനിയാഴ്ച രാത്രിയോടെ വൈക്കത്ത് എത്തിയ പെൺകുട്ടികൾ മുറിഞ്ഞുപുഴ പാലത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മുങ്ങൽ വിദഗ്ധരടക്കം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.