ആഴിമല : കടല്‍ത്തീരത്ത് കുളിക്കാനിറങ്ങി കാണാതായ 4 പേരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പുല്ലുവിള ഇരയിമ്മന്‍തുറ പുരയിടത്തില്‍ വിനീത ഭവനില്‍ ജോര്‍ജിന്റെ മകന്‍ സാബു(24)വിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
കടല്‍ പ്രക്ഷുബ്ധമായ അവസ്ഥക്കിടയിലും തിരച്ചിലിനിറങ്ങിയ വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടു സംഘം ആഴിമല കടലിന്റെ തീരത്തോടടുത്ത് കണ്ട മൃതദേഹം വിഴിഞ്ഞത്തെ കോസ്റ്റല്‍ പോലീസ് ബോട്ടിലെ സംഘം കരക്കെത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പുല്ലുവിള ജയ്ഹിന്ദ് ഗ്രൗണ്ടിനു സമീപം വര്‍ഗിസിന്റെ മകന്‍ സന്തോഷ് വര്‍ഗീസ്നായി തുടര്‍ന്നും സംഘം തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയോടെ കാലാവസ്ഥ കൂടുതല്‍ പ്രതികൂലമായപ്പോള്‍ നിര്‍ത്തി. പുല്ലുവിള ഭാഗത്തു നിന്നും മത്സ്യത്തൊഴിലാളികളുടെ സംഘവും ഒപ്പം തിരച്ചിലിനു ഇറങ്ങിയിരുന്നു.