ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസ് വിധിക്കെതിരെ പരിഹാസവുമായി പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. “പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്നും’ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ മണ്ണില്‍ കരിനിഴല്‍ വീഴ്ത്തി 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തത്തിനാണ് ലക്നോവിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസില്‍ കുറ്റാരോപിതരായിരുന്ന 32 പേരെയും കോടതി കുറ്റവിമുക്തരാക്കി. സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാവാണു വിധി പറഞ്ഞത്. 2,000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്.
കേസിലെ 32 പ്രതികളില്‍ 26 പേരും കോടതിയില്‍ ഹാജരായി. വിനയ് കത്യാര്‍, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്. ആറു പ്രതികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാം. എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തില്‍ കോടതിയില്‍ ഹാജരായത്. ബാബറി മസ്ജിദ് തകര്‍ത്തത് കുറ്റമാണെന്ന് അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.