പട്ന: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കവേ, ഭരണകക്ഷിയായ ജെഡിയുവിനു തിരിച്ചടിയായി മന്ത്രിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. ബജ്‌രങ് ദള്‍ നേതാവ് ജയ് ബഹാദുര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മന്ത്രി രാംസേവക് സിങ്ങിന് എതിരെയാണു കേസെടുത്തത്.
ബഹാദുര്‍ സിങ്ങിന്റെ പേരക്കുട്ടി ധീരേന്ദ്ര സിങ്ങിന്റെ പരാതിപ്രകാരമാണു മന്ത്രിക്കെതിരെ ഐപിസി 120 ബി (ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ ചുമത്തിയത്. ഭരണകക്ഷിക്കു വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിര്‍ത്തതിനു ജയ് ബഹാദുര്‍ സിങ്ങിനെ വകരുത്താന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണമെന്നു മിര്‍ഗഞ്ജ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശശി രഞ്ജന്‍ പറഞ്ഞു. മോട്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ബഹാദുര്‍ സിങ്ങിനെ വെടിവെയ്ക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ആശുപത്രിയില്‍ ഓടിയെത്തിയ ബന്ധുക്കളും അനുയായികളും പോലീസ് ജീപ്പ് നശിപ്പിച്ചു. ആറു മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു. ജയ് ബഹാദുര്‍ സിങ്ങിനെ അറിയാമെന്നും എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ ആര്‍ജെഡി മനഃപൂര്‍വം തന്റെ പേര് ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിയെക്കൂടാതെ മറ്റ് അഞ്ചു പേര്‍ക്കെതിരെയും ആരോപണമുണ്ടെന്നും ഭൂമിത്തര്‍ക്കം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും ഗോപാല്‍ഗഞ്ജ് പോലീസ് സൂപ്രണ്ട് മനോജ് തിവാരി പറഞ്ഞു.