കൊച്ചി : ഇടുക്കി രാമക്കല്‍മേട് കരുണാപുരം പഞ്ചായത്തിലെ ബാലന്‍പിള്ള സിറ്റിയുടെ ‘പിതാവ്’ ബാലന്‍പിള്ള എന്ന കെ പി ബാലകൃഷ്ണപിള്ള (96) ആലപ്പുഴ പാതിരപ്പള്ളിയിലെ വീട്ടില്‍ നിര്യാതനായി.
ബാലന്‍പിള്ള സിറ്റി എന്ന സ്ഥലപ്പേരിന് കാരണക്കാരനായ ബാലന്‍പിള്ള യാത്രയാകുമ്പോള്‍, അനശ്വരമാകുന്നത് മലയോരഗ്രാമത്തിന്റെ തുടിക്കുന്ന ജീവിത കഥകൂടിയാണ്. ആലപ്പുഴ പഴവീട് സ്വദേശിയായ ഇദ്ദേഹം 1956ലാണ് രാമക്കല്‍മേടിനടുത്ത് അഞ്ചേക്കര്‍ സ്ഥലം കുടിയിരിപ്പായി കിട്ടിയതിനെ തുടര്‍ന്ന് കുടിയേറ്റ കര്‍ഷകനായി എത്തിയത്. ഭാര്യയും മൂന്നു പിഞ്ചുമക്കളും കൂടെയുണ്ടായിരുന്നു. കൃഷി തുടങ്ങിയ ഇദ്ദേഹം ചായ പീടികയും അരികില്‍ തയ്യല്‍ക്കടയും പലചരക്കുകടയും തുടങ്ങി. പിന്നീട് നാട്ടുകാര്‍ക്ക് പണം വായ്പ നല്‍കി സഹായിച്ചു. അക്കാലത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു പൊതുപ്രവര്‍ത്തകന്‍ കൂടിയായ മാറിയ ബാലന്‍പിള്ളയുടെ ചായക്കട. കടയുടെ എതിര്‍വശം അദ്ദേഹം നട്ടുപിടിപ്പിച്ച ആല്‍മരം ബാലന്‍ പിള്ളയെപോലെ തന്നെ ഒത്തിരി ആളുകള്‍ക്ക് തണലേകി നില്‍ക്കുന്നു. ഇനിയും ഒരു പാട് വര്‍ഷം ബാലന്‍പിള്ളയുടെ ഓര്‍മകളുമായി തണലേകും.
1987ല്‍ സ്ഥലമെല്ലാം വിറ്റ് ഇദ്ദേഹം ആലപ്പുഴയിലേക്ക് മടങ്ങി. പിന്നീട് 2017ല്‍ വീണ്ടും ബാലന്‍പിള്ള സിറ്റിയിലെത്തി, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാരത്തോണില്‍ ആദരവ് ഏറ്റുവാങ്ങാന്‍. ‘എത്സമ്മ എന്ന ആണ്‍കുട്ടി’ സിനിമയിലും ബാലന്‍പിള്ള സിറ്റി താരമായി.
പാതിരപ്പള്ളി സൗപര്‍ണികയില്‍ മകള്‍ ഗീത മോഹന്റെ കൂടെയായിരുന്നു മൂന്നു വര്‍ഷമായി താമസം. ഭാര്യ – പരേതയായ ഭാര്‍ഗവിയമ്മ. മക്കള്‍: ചന്ദ്രമോഹന്‍, വിമല എസ് നായര്‍, ശ്രീദേവി എസ് നായര്‍, രവീന്ദ്രനാഥ്, ശ്രീകുമാര്‍, ഗീത മോഹന്‍. മരുമക്കള്‍ – ശശിധരന്‍ നായര്‍, വാസുദേവന്‍ നായര്‍, ശോഭനാദേവി, മോഹനന്‍നായര്‍.